news

കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും ഇറക്കി വിട്ട് അയല്‍ക്കാര്‍ വീട് പൊളിച്ചു നീക്കി

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും അയല്‍ക്കാര്‍ താമസസ്ഥലത്ത് നിന്നും ഇറക്കി വിട്ടു. പുറംപോക്കില്‍ ഷെഡ് കെട്ടി താമസിച്ചിരുന്ന യുവതിയെയും മക്കളെയുമാണ് അയല്‍ക്കാര്‍ ഇറക്കിവിട്ടത്.  പുറത്താക്കിയശേഷം ഇവര്‍ താമസിച്ചിരുന്ന ഷെഡ് പൊളിച്ചു കളയുകയും ചെയ്തു. ഡിസംബര്‍ 17 നായിരുന്നു സംഭവം.

കഴക്കൂട്ടം സൈനിക് നഗറിലാണ് അമ്മയ്ക്കും മക്കള്‍ക്കും ഇത്തരം ദുരനുഭവമുണ്ടായത്. വീട്ടമ്മയായ സുറുമിയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളും പുറമ്പോക്കില്‍ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇവിടെ ആയുധങ്ങളുമായെത്തിയ അയല്‍ക്കാര്‍ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കി വീട് പൊളിച്ചുകളയുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തിനിടയായ ദാരുണ സംഭവത്തിന്റെ മുറിവ് ഉണങ്ങും മുന്‍പാണ് നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച കഴക്കൂട്ടത്തെ ഈ സംഭവം പുറത്തുവന്നത്.

പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ പരാതി കാര്യമായെടുത്തില്ലെന്ന് സുറുമി പറയുന്നു. തന്റെ ദേഹത്ത് കയറി പിടിച്ചെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മനസാക്ഷിയില്ലാതെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മ വീണ്ടും പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. വീട്ടമ്മയുടെ ഭാഗത്ത് നിന്നും പ്രകോപനമൊന്നുമില്ലാതെയാണ് അയല്‍ക്കാര്‍ ഇവരെ പുറത്തിറക്കി വീട് പൊളിച്ചുനീക്കിയതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!