local

46 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഒത്തുകൂടല്‍; 1975-76 ല്‍ ഉദുമ ഗവ. ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന പൗരന്മാരുടെ സംഗമം ശ്രദ്ധേയമായി

പാലക്കുന്ന് : നാലര പതിറ്റാണ്ട് മുന്‍പ് ഉദുമ ഗവ. ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍. സി. ബാച്ചില്‍ കൂടെ പഠിച്ചു പടിയിറങ്ങിയവര്‍ ആദ്യമായി കൂട്ടായ്മ രൂപത്തില്‍ കണ്ടുമുട്ടിയപ്പോള്‍ അത് ആകാംക്ഷയും, പുതുമയും ഒപ്പം ചമ്മലും അനുഭവപ്പെട്ട സമ്മിശ്ര വികാരമായിരുന്നു. തിരിച്ചറിയാന്‍ പോലും പലര്‍ക്കും സമയമെടുത്തു. നിരവധി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഈ സ്‌കൂളിന്റെ പേരില്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രായം കൂടിയ മുന്‍വിദ്യാര്‍ഥി സംഗമമെന്ന മികവ് ഇവര്‍ സ്വന്തമാക്കി.

ജില്ലയ്ക്കു പുറത്തും അയല്‍ സംസ്ഥാനത്തും വിദേശത്തുമുള്ള സഹപാഠികളെ കണ്ടെത്താന്‍ മാസങ്ങള്‍ക്കു മുന്‍പേ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. സ്‌കൂള്‍ രജിസ്റ്ററില്‍ നിന്ന് പേരുകള്‍ തപ്പിയെടുത്ത് നിലവിലെ മേല്‍വിലാസം അന്വേഷിച്ച് കണ്ടെത്തിയാണ് ഉദ്യമം ഏതാണ്ട് പൂര്‍ത്തിയാക്കിയതെന്ന് ഇതിനായി മുന്നിട്ടിറങ്ങിയ പ്രഭാകരന്‍ തെക്കേക്കരയും അച്യുതന്‍ പള്ളവും പറഞ്ഞു. ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍, വൈകിയെത്തിയ ഈ കൂട്ടായ്മയില്‍ പങ്കാളികളാവാനും ആവേശപൂര്‍വം മുന്നോട്ടു വന്നു. ആദ്യസംഗമത്തില്‍ അക്കാലത്തെ ഗുരുക്കന്മാരെ കണ്ടെത്തി ആദരിക്കാനായിരുന്നു ആദ്യത്തെ തീരുമാനം . അവരില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളവരില്‍ ചിലരെ കണ്ടെത്തിയെങ്കിലും
ചിത്രകലാധ്യാപകന്‍ ഉദുമയിലെ കെ.എ. ഗഫൂര്‍ ഒഴികെ മറ്റുള്ളവര്‍ക്ക് പ്രായാധിക്യവും മറ്റും മൂലം പങ്കെടുക്കാനായില്ല. അര്‍ഹരായവരെ കണ്ടെത്തി ജീവകാരുണ്യത്തിന് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കാനാണ്
ഷഷ്ഠിപൂര്‍ത്തി പിന്നിട്ടവരുടെ ഈ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഭാരവാഹികള്‍ : പ്രഭാകരന്‍ തെക്കേക്കര (പ്രസി.),കെ.കസ്തുരി, ടി.വി.മുഹമ്മദ്കുഞ്ഞി (വൈ.പ്രസി.), അച്യുതന്‍ പള്ളം (സെക്ര.), കെ.എ. യൂസഫ്, എച്ച്. വിശ്വംഭരന്‍ (ജോ. സെക്ര.), മോഹനന്‍ ബാര (ട്രഷ.)

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!