news

തൊടുപുഴയില്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

തൊടുപുഴ: കരിമണ്ണൂരില്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. വീട്ടില്‍വച്ചാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. അമ്മയെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്. മാതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

തൃശൂര്‍ കൊരട്ടി സ്വദേശികളാണ് യുവതി ഉള്‍പ്പെടെയുള്ളവര്‍. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭര്‍ത്താവില്‍നിന്ന് അകന്ന് മാറിത്താമസിക്കുകയായിരുന്നു ഈ യുവതി. ഗൂഡല്ലൂരിലായിരുന്നു ഇവര്‍ താമസിച്ചത്. ഭര്‍ത്താവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് യുവതിയെ ഗൂഡല്ലൂരില്‍ നിന്ന് ഇവിടേക്ക് എത്തിക്കുകയായിരുന്നു.

ഇന്നു പുലര്‍ച്ചെ നാലുമണിയോടെ ശുചിമുറിയിലേക്കു പോയ യുവതിയെ കുറച്ചുനേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ഭര്‍ത്താവ് അന്വേഷിച്ചു. ചൂടു വെള്ളം വേണമെന്നായിരുന്നു യുവതി ആവശ്യപ്പെട്ടത്. എന്നാല്‍ ശുചിമുറി തുറക്കാന്‍ അവര്‍ തയാറായില്ല. പിന്നാലെ പൂട്ടുപൊളിച്ച് അകത്തുകയറിയപ്പോള്‍ യുവതി രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ എത്തിച്ചു. യുവതി പ്രസവിച്ചുവെന്ന കാര്യം ആശുപത്രി അധികൃതരാണ് ഭര്‍ത്താവിനോടു പറയുന്നത്. പൊലീസിനെയും വിവരം അറിയിച്ചു.
ഇവര്‍ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റില്‍ മുങ്ങി മരിച്ചനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. യുവതിയില്‍ നിന്നും ഭര്‍ത്താവില്‍നിന്നും പൊലീസ് പ്രാഥമിക മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

error: Content is protected !!