local

ഉറപ്പായി…. കൂളിയങ്കാലില്‍ അടിപ്പാത വരും

കാഞ്ഞങ്ങാട് : പുതുക്കൈ , മടിക്കൈ ഗ്രാമങ്ങളുടെ ഗതാഗത കുതിപ്പിന് വേഗത പകരാന്‍ കൂളിയങ്കാലില്‍ അടിപ്പാത വരുമെന്നുറപ്പായി. നാട് ആഹ്‌ളാദലഹരിയില്‍
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരവുമായി എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള റോഡ് മാര്‍ഗം കൂളിയങ്കാലിലെത്തുമ്പോള്‍ മുറിയുന്ന സാഹചര്യമാണുണ്ടായിരുന്നത്. . പുതുതായി വരുന്ന നാലുവരിപ്പാത മുറിച്ചുകടക്കാന്‍ കാഞ്ഞങ്ങാട് സൗത്ത് വരെ ചുറ്റിസഞ്ചരിക്കേണ്ടുന്ന ഗതികേടില്‍ നിന്നാണ് നഗരസഭയിലെ കിഴക്കന്‍ പ്രദേശങ്ങളായ അരയി, ഗുരുവനം, വാന്നോറടി ഭാഗത്തുനിന്നും മടിക്കൈ ഭാഗത്തു്‌നിന്നുള്ളവരും രക്ഷപ്പെട്ടത്. ദേശീയപാത മുറിച്ച് കടന്നുപോകുന്നത് കൂളിയങ്കാലില്‍ വച്ചാണ്.
നഗരസഭയിലെ ആറ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ മേഖല ഭൂമിശാസ്ത്രപരമായി നീലേശ്വരം നഗരസഭയോടും മടിക്കൈ പഞ്ചായത്തിനോടും ചേര്‍ന്നു കിടക്കുന്നതാണ്. കാല്‍നൂറ്റാണ്ടു മുമ്പ് അരയിക്കടവില്‍ പാലവും അവിടെനിന്നും കൂളിയങ്കാല്‍ ജംഗ്ഷനിലേക്ക് അപ്രോച്ച് റോഡും വന്നതോടെയാണ് ലക്ഷ്മിനഗര്‍ ആലാമിപ്പള്ളി വഴി നഗരത്തിലേക്കുള്ള വഴി തുറന്നുകിട്ടിയത്. ഭൂമിശാസ്ത്രപരമായി ദേശീയപാതയേക്കാള്‍ താഴ്ന്നാണ് അരയിപ്പാലം റോഡ് നിലനില്ക്കുന്നത്. നവീകരണം കഴിയുമ്പോള്‍ ദേശീയപാതയുടെ ഉയരം ഇതിലും കൂടാനും ഇടയുണ്ട്. ഇവിടെ അടിപ്പാത നിര്‍മിച്ചില്ലെങ്കില്‍ അരയിപ്പാലം ഭാഗത്തുനിന്നും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷന്‍ വരെ സഞ്ചരിച്ചുമാത്രമേ ദേശീയപാത മുറിച്ചുകടക്കാനാകൂ.നിര്‍ദിഷ്ട ഉള്‍നാടന്‍ ജലപാതയുടെ കനാല്‍കടന്നുപോകുന്നതിനായിഅടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം കൂളിയങ്കാല്‍ ജംഗ്ഷനും ജില്ലാ ആശുപത്രിക്കും ഇടയിലാണ്. ഇവിടെ കനാല്‍ നിര്‍മിക്കുകയാണെങ്കില്‍ ദേശീയപാതയ്ക്കായി അതിനു മുകളിലൂടെ ആറു മീറ്ററെങ്കിലും ഉയരത്തില്‍ പാലം നിര്‍മിക്കേണ്ടിവരും. ഈ കനാല്‍ കൂളിയങ്കാല്‍ ജംഗ്ഷന് കുറച്ചുകൂടി അടുത്തുവരുന്ന രീതിയില്‍ ക്രമീകരിച്ച് അതിനു സമാന്തരമായി തന്നെ വാഹനങ്ങള്‍ കടന്നുപോകുന്ന അടിപ്പാതയും ക്രമീകരിച്ചാല്‍ അത് ചെലവ് കുറയ്ക്കുന്നതിനൊപ്പം മികച്ച ദൃശ്യഭംഗിയും സമ്മാനിക്കുമെന്ന് നേരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശത്തുനിന്നും നീലേശ്വരത്തേക്കും മടിക്കൈ ഭാഗത്തേക്കും നിരവധി റോഡുകളുണ്ടെങ്കിലും കാഞ്ഞങ്ങാട്ടേക്കുള്ള ഒരേയൊരു വഴി അരയിപ്പാലം കൂളിയങ്കാല്‍ റോഡ് മാത്രമാണ്. അടുത്തിടെ ഗുരുവനത്ത് കേന്ദ്രീയ വിദ്യാലയവും ആര്‍ടിഒ ടെസ്റ്റിംഗ് ഗ്രൗണ്ടും സ്ഥാപിക്കപ്പെട്ടതോടെ ഈ പ്രദേശം കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നത് നഗരസഭാ ചെയര്‍പേഴ് സണ്‍ കെ വി സുജാത അധികൃതരെയും ധരിപ്പിച്ചിരുന്നു. കൂളിയങ്കാലില്‍ അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളെയും സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി മുഹമ്മദലിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് അടിപ്പാതയുടെ ആവശ്യകത അധികൃതരെ ധരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയും ഇചന്ദ്രശേഖരന്‍ എംഎല്‍എയും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് അടിപ്പാത ആവശ്യം അധികൃതര്‍ക്കു മുന്നില്‍ എത്തിച്ചു. മന്ത്രി മുഹമ്മദ് റിയാസ്, ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ഇടപെട്ടതോടെ ദേശീയപാത വിഭാഗം ഉന്നത സംഘം സ്ഥലം സന്ദര്‍ശിച്ച് അടിപ്പാത യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published.

error: Content is protected !!