local

യുവാക്കള്‍ക്കെതിരായ കേസ് കെട്ടിച്ചമത്; സി പി എം പ്രാദേശിക നേതാവിനെതിരെ പരാതിയുമായി കുടുംബാംഗങ്ങള്‍; വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് മാതാവ്

കാഞ്ഞങ്ങാട്: വ്യാപാരിയെ അക്രമിച്ച് പണം കവര്‍ന്നെന്ന പരാതിയില്‍ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്ത്. ഈമാസം 19ന് രാത്രി എട്ടോടെ പലചരക്ക് വ്യാപാരി രാവണീശ്വരത്തെ പി.കുഞ്ഞിരാമനെ (54)അക്രമിച്ച് 3000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തില്‍ ചിത്താരി ഒറവങ്കരയിലെ ഒ.റിസ്വാന്‍(23), രാവണേശ്വരത്തെ സുചിന്‍ സുകുമാരന്‍ (25) എന്നിവരെ 20ന് ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ കുഞ്ഞിരാമന്റെ ബന്ധുവായ സിപിഎം ചിത്താരി ലോക്കല്‍ കമ്മിറ്റിയംഗവും ബാങ്ക് ജീവനക്കാരനുമായ പി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കെട്ടിച്ചമച്ചതാണെന്ന് സുചിന്റെ അമ്മ ചിന്താമണിയും സഹോദരി സുമയയും പത്രസമ്മേളനത്തില്‍ ആരോപിച്ചു. സംഭവദിവസം രാത്രി സുചിനും റിസ്വാനും മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം രാവണീശ്വരം തണ്ണോട്ടെ കല്യാണവീട്ടില്‍ നിന്നും കാറില്‍ മടങ്ങിവരികയായിരുന്നു. തണ്ണോട്ടെ കുഞ്ഞിരാമന്റെ കടയുടെ സമീപത്തെത്തിയപ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ റോഡിന്റെ നടുവിലായി നില്‍ക്കുകയായിരുന്നു. റോഡില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടതോടെ അതിന് തയാറാകാതെ അസഭ്യം പറഞ്ഞതോടെ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പിറ്റേദിവസം തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐപിസി 392 (കവര്‍ച്ച) വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ജാമ്യം കിട്ടാത്ത ഈ വകുപ്പില്‍ കുറ്റം തെളിഞ്ഞാല്‍ പത്തുവര്‍ഷം വരെ കഠിനതടവ് ലഭിക്കാം. മര്‍ച്ചന്റ് നേവിക്കാരനായ സുചിന് ഒരു വര്‍ഷം മുന്പാണ് വിദേശ കപ്പലില്‍ ജോലി ലഭിക്കുന്നത്. ജോലി കിട്ടിയശേഷം ആദ്യമായാണ് ഒരു മാസം മുന്പ് അവധിക്ക് നാട്ടിലെത്തിയത്. മാസം ഒരു ലക്ഷം രൂപ ശന്പളം ലഭിക്കുന്ന തന്റെ മകന് 3000 രൂപ മോഷ്ടിക്കേണ്ട കാര്യമില്ലെന്ന് ചിന്താമണി പറയുന്നു. ഒരു വര്‍ഷം മുന്പ് കോവിഡ് വ്യാപനവേളയില്‍ സുചിന്റെ തണ്ണോട്ടെ ബന്ധുവിന് കുഞ്ഞിരാമന്റെ കടയില്‍ നിന്നും സാധനം നല്‍കാത്തതുമായ ബന്ധപ്പെട്ട് തര്‍ക്കമായിരുന്നു. ആ പ്രദേശത്ത് കോവിഡ് വ്യാപനമുള്ളതിനാല്‍ സാധനം നല്‍കാനാവില്ലെന്ന് പറഞ്ഞ് കുഞ്ഞിരാമന്‍ വന്നയാളെ മടക്കിഅയച്ചു. സുചിന്‍ കടയിലെത്തി ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി. സുചിനെ കേസില്‍ കുടുക്കുമെന്ന് അന്ന് കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയതായി ചിന്താമണി പറയുന്നു. സിപിഎമ്മിനെതിരെ റിസ്വാന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റും പാര്‍ട്ടിയുടെ വിരോധത്തിന് കാരണമായി. ഇത് രണ്ടുമാണ് ഇവരെ കേസില്‍ കുടുക്കാന്‍ കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. പാര്‍ട്ടിഗ്രാമമാണ് രാവണീശ്വരവും പരിസരപ്രദേശങ്ങളും. പ്രതികളും പരാതിക്കാരുമെല്ലാവരും സിപിഎം അനുഭാവികളാണ്. പ്രശ്‌നം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും അവരും കൈയൊഴിയുകയായിരുന്നു. സുചിന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് മരണപ്പെട്ടു. അനുജത്തിയുടെ ഭര്‍ത്താവ് ഒരു മാസം മുന്പാണ് പാലക്കുന്നിലെ ഒരു കെട്ടിടത്തില്‍ വയറിംഗ് ജോലി ചെയ്യുന്‌പോള്‍ ഷോക്കേറ്റ് വീണുമരിച്ചത്. സുചിന്റെ വരുമാനമാണ് ഈ കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് സുചിന്റെ കുടുംബാംഗങ്ങള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!