കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ മുന്‍ പൊലീസ് മേധാവിയും കൊച്ചി മെട്രോ എം ഡിയുമായ ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികില്‍സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. മോന്‍സണുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനു ശേഷം അദ്ദേഹം ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ വെള്ലിയാഴ്ചയാണ് ബെഹ്റ അവസാനമായി ഓഫീസില്‍ എത്തിയത്. മോന്സണ് വിവാദത്തില്‍ കേസന്വേഷണം തീരുന്നതുവരെയെങ്കിലും ബെഹ്റയെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമായിരുന്നു.
ബെഹ്റയും എ ഡി ജി പി മനോജ് എബ്രഹാമും മോന്‍സണിന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസിന്റെ ബീറ്റ് ബോക്സ് മോന്‍സണിന്റെ വീട്ടില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടത് ബെഹ്റയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന വിവരവും പിന്നീട് പുറത്തു വന്നിരുന്നു. സാധാരണയായി വ്യക്തികളുടെ വീടുകളില്‍ ബീറ്റ് ബോക്സ് വയ്ക്കാറില്ല. വിവാദമായപ്പോള്‍ പൊലീസ് ഇതെടുത്ത് മാറ്റുകയും ചെയ്തിരുന്നു