International

എ.പി. അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷൻ എം.പി. തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ അധ്യക്ഷൻ

ന്യൂഡൽഹി: എ.പി. അബ്ദുള്ളക്കുട്ടിയടക്കം 12പുതിയ നാഷണൽ വൈസ് പ്രസിഡന്റുമാരെ ഉൾപ്പെടുത്തി ബി.ജെ.പി. പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി. എട്ട് നാഷണൽ ജനറൽ സെക്രട്ടറിമാർ, മൂന്ന് ജോയിന്റ് ജനറൽ സെക്രട്ടറിമാർ, 13 നാഷണൽ സെക്രട്ടറിമാർ, വിവിധ പോഷക സംഘടന വൈസ് പ്രസിഡന്റുമാർ എന്നിവരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി. കേരള ഘടകം വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി.
ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.
രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹൻ സിങ്, ബൈജയന്ത് ജയ് പാണ്ഡ, രഘുബർ ദാസ്, മുകുൾ റോയ്, രേഖ വർമ, അന്നപൂർണ ദേവി, ഭാരതി ബെൻ ഷിയാൽ, ഡി.കെ. അരുണ, ചുബ ആവോ എന്നിവരാണ് മറ്റ് നാഷണൽ വൈസ് പ്രസിഡന്റുമാർ.
ഡി.പുരന്ദരേശ്വരി, ഭൂപേന്ദർ യാദവ്, കൈലാഷ് വിജയവർഗിയ തുടങ്ങിയവരാണ് പുതിയ നാഷണൽ ജനറൽ സെക്രട്ടറിമാർ. ജനറൽ സെക്രട്ടറിമാരായിരുന്ന രാം മാധവ്, മുരളീധർ റാവു, അനിൽ ജെയിൻ എന്നിവരെ ഒഴിവാക്കിയിട്ടുമുണ്ട്.
ഡൽഹിയിൽനിന്നുള്ള അരവിന്ദ് മേനോൻ, പങ്കജ മുണ്ടെ, അനുപം ഹസ്ര,വിനോദ് സോങ്കാർ, സുനിൽ ദിയോധർ എന്നിവരുൾപ്പെട്ടതാണ് പുതിയ നാഷണൽ സെക്രട്ടറിമാർ.
കർണാടകയിൽനിന്നുള്ള എം.പി. തേജസ്വി സൂര്യയാണ് യുവ മോർച്ചയുടെ പുതിയ അധ്യക്ഷൻ. പൂനം മഹാജനെ ഒഴിവാക്കിയാണ് തേജസ്വി സൂര്യയെ യുവമോർച്ച അധ്യക്ഷനാക്കിയത്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ദേശീയ വക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പാർട്ടിയുടെ ഐ.ടി. സെൽ ആൻഡ് സോഷ്യൽ മീഡിയ ചുമതലയിൽ അമിത് മാളവ്യ തുടരും. തെലങ്കാനയിൽനിന്നുള്ള ഡോ. കെ ലക്ഷ്മൺ ആണ് ഒ.ബി.സി. മോർച്ച അധ്യക്ഷൻ. ഉത്തർ പ്രദേശിൽനിന്നുള്ള രാജ്കുമാർ ചാഹർ എം.പി. കിസാൻ മോർച്ചയുടെയും മധ്യപ്രദേശിൽനിന്നുള്ള ലാൽസിങ് ആര്യ എസ്.സി. മോർച്ചയുടെയും അധ്യക്ഷനാകും.
ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഭാരവാഹി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കൾ പട്ടികയിൽ ഇടംപിടിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *