അടൂര്‍: ഉത്ര വധക്കേസ് നിര്‍ണായക വഴിത്തിരിവില്‍. ഉത്രയെ കൊന്നത് താന്‍ തന്നെയാണെന്ന് ഭര്‍ത്താവ് സൂരജ് പരസ്യമായി സമ്മതിച്ചു. അടൂരിലെ പറക്കോട്ടെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സൂരജിന്റെ കുറ്റസമ്മതം. ‘ഞാനാണ് കൊന്നത്, ഞാനങ്ങനെ ചെയ്തു’ എന്നാണ് സൂരജ് പറഞ്ഞത്.
വീട്ടുകാര്‍ക്ക് ആര്‍ക്കും പങ്കില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച സൂരജ്, എന്തിനാണ് ഉത്രയെ കൊന്നതെന്ന ചോദ്യത്തിന് മറുപടിയില്ലാതെ തല കുനിച്ച് നില്‍ക്കുകയായിരുന്നു. രണ്ടു തവണ പാമ്പിനെ വാങ്ങിയല്ലോ, എന്തിനാണ് ആദ്യം പാമ്പിനെ വാങ്ങിയതെന്ന് ചോദിച്ചപ്പോഴും മറുപടി ഉണ്ടായിരുന്നില്ല. പറയാനുള്ളത് പറഞ്ഞുകൊള്ളാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതിയും നല്കി.
സൂരജ് കുറ്റസമ്മത മൊഴി എഴുതി നല്‍കിയെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പിന്നീട് വ്യക്തമാക്കും. സുരേഷിന്റെ പക്കല്‍ കൂടുതല്‍ പാമ്പുകളുണ്ട്. ഇത് വനംവകുപ്പിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുരേഷിനെ പോലീസ് മാപ്പുസാക്ഷിയാക്കുമോ എന്നതിലും വനംവകുപ്പ് അധികൃതര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
ഉത്രയെ കൊലപ്പെടുത്തുന്നതിന് പാമ്പിനെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനാണ് സൂരജിനെ അടൂരിലെ വീട്ടില്‍ കൊണ്ടുവന്നത്. അടൂരിനെ സൂരജിന്റെ വീട്ടില്‍ വച്ചാണ് ഉത്രയ്ക്ക് ആദ്യം അണലിയുടെ കടിയേറ്റത്. ദീര്‍ഘകാലത്തെ ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന ഉത്ര കൊല്ലത്തെ വീട്ടില്‍ കഴിയുന്നതിനിടെയാണ് സൂരജ് വീണ്ടും മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.
തെളിവെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വനംവകുപ്പ് മാധ്യമങ്ങളോട് സംസാരിച്ചതിനു ശേഷമാണ് സൂരജ് സ്വയം കുറ്റസമ്മതം നടത്തിയത്. കരഞ്ഞുകൊണ്ട് തലതാഴ്ത്തിയപ്പോള്‍ തലയുയര്‍ത്തിപ്പിടിച്ച് സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നുമുണ്ടായിരുന്നൂ. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന കണ്ടതോടെ കുറ്റസമ്മതം നടത്തി കോടതിയുടെയും പൊതുസമൂഹത്തിന്റെയും സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണോ എന്നും സംശയമുണ്ട്. മുന്‍പ് കൊലക്കേസില്‍ തെളിവെടുപ്പിന് ഉത്രയുടെ വീട്ടില്‍ എത്തിച്ചപ്പോള്‍ താനിത് ചെയ്തിട്ടില്ലെന്നാണ് സൂരജ് ഉത്രയുടെ പിതാവിനോട് പറഞ്ഞത്.
അതേസമയം, എല്ലാം ദൈവത്തിന് അറിയാമെന്നായിരുന്നു രണ്ടാം പ്രതിയും പാമ്പുപിടുത്തക്കാരനുമായ സുരേഷിന്റെ പ്രതികരണം. സത്യസന്ധമായി മൊഴി കൊടുത്തിട്ടുണ്ട്. കോടതിയില്‍ സത്യം തെളിയും. ഇനി ലോകത്ത് ഒരു കുട്ടിക്കും ഇങ്ങനെ സംഭവിക്കരുതെന്നും സുരേഷ് പറഞ്ഞു.
എന്നാല്‍, കുടുംബാംഗങ്ങളെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനാണ് സൂരജിനെ നീക്കമെന്ന് ഉത്രയുടെ സഹോദരന് വിഷു പ്രതികരിച്ചു.
Good news