കാസര്‍കോട് : കേരളത്തെ രണ്ടായി വിഭജിക്കുന്ന പിണറായി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ. റെയിലിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണി നിരത്തി കൊണ്ട് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ബിജെപി കാസര്‍കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പിണറായി സര്‍ക്കാരിന്റെ ഒട്ടു മിക്ക പദ്ധതികളും അഴിമതി ലക്ഷ്യമിട്ടുള്ളതാണ്. അധികാരത്തിന്റെ ഹുങ്കില്‍ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പദയാത്രകള്‍ സംഘടിപ്പിക്കുകയും പ്രചരണം നടത്തുകയും ചെയ്യുമെന്ന് എം. ടി. രമേശ് കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന്‍ കുളനട, ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, പ്രമീള സി. നായിക്, ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ എന്നിവര്‍ സംബന്ധിച്ചു.
കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.