news

സംസ്ഥാനത്ത് റേഷന്‍ കടകളിലെ സൗജന്യ വിഷുക്കിറ്റ് വിതരണം നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടങ്ങളിലും റേഷന്‍ കടകളിലെ സൗജന്യ വിഷുക്കിറ്റ് വിതരണം നിലച്ചു. വേണ്ടത്ര കിറ്റ് എത്തിക്കാത്തതാണ് കാരണം. 90 ലക്ഷം കാര്‍ഡുടമകളില്‍ വിഷുക്കിറ്റ് ലഭിച്ചത് 4,16,119 പേര്‍ക്ക് മാത്രമാണ്. ഇങ്ങനെ പോയാല്‍ വിഷുവിനു മുമ്പ് എല്ലാര്‍ക്കും കിറ്റ് ലഭിക്കില്ല.

വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യുന്നത് വിവാദമായപ്പോള്‍ അത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹം വോട്ടെടുപ്പിന് ശേഷം ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. മാര്‍ച്ചിലെ കിറ്റ് വിതരണവും പൂര്‍ത്തിയായിട്ടില്ല.
വിഷു സ്പെഷ്യല്‍ കിറ്റ് വിതരണം മാര്‍ച്ച് 29 നാണ് ആരംഭിച്ചത്.

വിഷുക്കിറ്റ് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതോടെയാണ് വിവാദമായത്. കൊവിഡ് കാലത്തിന്റെ തുടര്‍ച്ചയാണ് കിറ്റ് വിതരണമെന്നും ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സൗജന്യ കിറ്റ് നല്‍കാന്‍ ഫെബ്രുവരി 16 ന് ഉത്തരവ് ഇറക്കിയെന്നും ഭക്ഷ്യസെക്രട്ടറി കമ്മിഷനെ അറിയിച്ചു. കമ്മിഷന്‍ മറുപടി നല്‍കാത്തതിനാല്‍ 29 മുതല്‍ വിതരണം ആരംഭിക്കാന്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിര്‍ദ്ദേശം നല്‍കി.

14 ഇനങ്ങളുള്ള കിറ്റ് വിതരണത്തിന് ഇ പോസ് മെഷീനില്‍ ക്രമീകരണങ്ങളും വരുത്തി. അന്ത്യോദയ അന്നയോജനയ്ക്ക് (മഞ്ഞ കാര്‍ഡ്) ആദ്യഘട്ട കിറ്റുകള്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ഒന്നു മുതല്‍ കാര്‍ഡ് നോക്കാതെ കിറ്റ് നല്‍കാനുള്ള നിര്‍ദ്ദേശവും റേഷന്‍ കടക്കാര്‍ക്ക് ലഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!