news

തറ പൊളിച്ച് വീണ്ടും കോണ്‍ക്രീറ്റ്, ബൈക്ക് തോട്ടിലും; ചങ്ങനാശ്ശേരിയില്‍ നടന്നത് ദൃശ്യം മോഡല്‍ കൊല

കോട്ടയം/ആലപ്പുഴ: ചങ്ങനാശ്ശേരിയില്‍ നടന്ന ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്റെ കുടുംബം.
കൊലപാതകത്തില്‍ ചില സംശയങ്ങളുണ്ടെന്നും ഇക്കാര്യം പോലീസിനെ അറിയിക്കുമെന്നും ബിന്ദുകുമാറിന്റെ സഹോദരന്‍ ഷണ്മുഖന്‍ പറഞ്ഞു.

ചങ്ങനാശ്ശേരിയില്‍ കൊല്ലപ്പെട്ടത് ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍നിന്ന് കാണാതായ ബിന്ദുകുമാറാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കോട്ടയത്ത്
എത്തിയ ബിന്ദുകുമാറിന്റെ ബന്ധുക്കളും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

ശനിയാഴ്ച രാവിലെയാണ് ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ മുത്തുകുമാറിന്റെ വീട്ടില്‍നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിടുകയും പിന്നീട് കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയും ചെയ്‌തെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സെപ്റ്റംബര്‍ 26ാം തീയതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28ാം തീയതി ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നുവെന്നും വ്യക്തമായി. തുടര്‍ന്നാണ് ബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ മുത്തുകുമാറിനെ കണ്ടെത്താനായില്ലെങ്കിലും ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി മനസിലാക്കിയിരുന്നു. വീടിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന ഭാഗത്താണ് തറ പൊളിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് യുവാവിനെ  കൊന്ന് കുഴിച്ചു മൂടിയിരിക്കാമെന്ന സംശയമുണര്‍ന്നത്. തുടര്‍ന്ന് ആര്‍.ഡി.ഒ.യുടെ അനുമതിയോടെ പോലീസ് വീട്ടിലെ തറ പൊളിച്ച് പരിശോധിക്കുകയും മൃതദേഹം
കണ്ടെടുക്കുകയുമായിരുന്നു.

അതേസമയം, ഗൃഹനാഥനായ മുത്തുകുമാറും മക്കളും കഴിഞ്ഞ മൂന്നു ദിവസമായി വീട്ടിലില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. മൂന്നു ദിവസമായി ഇവരെ വീടിന് പുറത്ത് കണ്ടിട്ടില്ലെന്നാണ് സമീപവാസികളുടെ പ്രതികരണം. മുത്തുകുമാറിന്റെ ഭാര്യ ഗള്‍ഫിലാണെന്നും മറ്റു വിവരങ്ങള്‍ അറിയില്ലെന്നും സമീപവാസികള്‍  പറഞ്ഞു.

26ാം തീയതി രാവിലെയാണ് ബിന്ദുകുമാര്‍ വീട്ടില്‍നിന്ന് പോയതെന്ന് ബന്ധുക്കളും പ്രതികരിച്ചു. ബൈക്കിലാണ് പോയത്. എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ല. പിറ്റേദിവസവും മടങ്ങിയെത്തിയില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പരാതി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!